Thursday, 24 March 2011

പശ്ചാത്തല വികസനം


 
 
നാട്ടകം മിനിതുറമുഖം: കേരളാ ഗവണ്‍മെന്‍റ് സ്ഥാപനമായ കിന്‍ഫ്രയുടെയും, കോട്ടയം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സും ചേര്‍ന്ന് രൂപം കൊടുത്ത സംയുക്ത സംരംഭമാണ് ഈ മിനി തുറമുഖം. കോട്ടയം പട്ടണത്തോട് ചേര്‍ന്ന് കിടക്കുന്ന നാട്ടകം പഞ്ചായത്തിന്‍റെ പടിഞ്ഞാറന്‍ തീരത്തുള്ള കൊടൂരാറും, വേമ്പനാട്ട് കായലും ചേര്‍ന്ന് ഒരുക്കി തുറന്ന ജലപാത പ്രയോജനപ്പെടുത്തിയാണ് ഈ തുറമുഖം നിര്‍മ്മിച്ചിരിക്കുന്നത്. ഉള്‍നാടന്‍ ജലപാത പ്രയോജനപ്പെടുത്തി കൊണ്ടുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ സംയുക്ത സംരംഭമാണ് ഈ തുറമുഖം.

ഇന്ത്യയിലാദ്യമായി സ്വകാര്യ പൊതുമേഖല പങ്കാളിത്തത്തോട് കൂടി ആരംഭിച്ച ഈ തുറമുഖം 9 കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ തുറമുഖത്തിന് കോട്ടയം പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ കാര്‍ഷിക വ്യാവസായിക ടൂറിസം മേഖലയ്ക്ക് വളരെ പുരോഗതി ഉളവാക്കാന്‍ കഴിയും. കോട്ടയം പോര്‍ട്ട് ആന്‍റ് കണ്ടെയ്നര്‍ ടെര്‍മിനല്‍ ലിമിറ്റഡ് എന്ന പേരിലാണ് ഈ തുറമുഖം അറിയപ്പെടുന്നത്. കോട്ടയത്തിനും സമീപ ജില്ലകള്‍ക്കും പുതിയ വികസന സാധ്യതകള്‍ ഒരുക്കുന്ന ഈ മഹത്തായ സംരംഭം 2009 ആഗസ്റ്റ് മാസം 17-ാം തീയതി കേരളത്തിന്‍റെ വ്യാവസായിക വകുപ്പ് മന്ത്രി ശ്രീ.എളമരം കരീം നാടിന് സമര്‍പ്പിച്ചു.