Sunday, 10 April 2011

കേന്ദ്രത്തിന്റെ അഴിമതിക്കഥകള്‍ നിരത്തി യെച്ചൂരി ആവേശമായി

 
 
 
 
 
 
കോട്ടയം: നാവില്‍നിന്നുതിരുന്ന ഓരോ വാക്കുകള്‍ക്കും കാതോര്‍ത്ത് ജനക്കൂട്ടം. അന്നം മുട്ടിക്കുകയും അഴിമതിയിലൂടെ രാജ്യത്തിന്റെ സമ്പത്ത് ചോര്‍ത്തുകയും ചെയ്യുന്നവര്‍ക്കെതിരെ ചാട്ടുളി പോലെ വിമര്‍ശനങ്ങള്‍ തൊടുക്കുമ്പോള്‍ സദസ്സില്‍നിന്ന് നീണ്ട കരഘോഷം. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷയ്ക്കും പ്രധാനമന്ത്രിക്കും ചുട്ട മറുപടി. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയുടെ കോട്ടയത്തെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ രാജ്യം നേരിടുന്ന വെല്ലുവിളിയും ഇതിനെ പ്രതിരോധിക്കാന്‍ ഇടതുപക്ഷഭരണം തുടരേണ്ടതിന്റെ അനിവാര്യതയിലേക്കും ജനങ്ങളെ നയിച്ചു. ജില്ലയിലെ ആദ്യകേന്ദ്രമായ മണര്‍കാട് കവലയില്‍നിന്ന് നൂറുകണക്കിന് ആളുകളുടെ അകമ്പടിയോടെ വേദിയിലേക്ക്. മലയാളത്തില്‍ തുടങ്ങിയ സംസാരം സദസ്സിലുളളവരുടെ അനുമതിയോടെ ഇംഗ്ലീഷിലേക്ക് വഴിമാറി. കേന്ദ്രസര്‍ക്കാരിന്റെ അഴിമതിക്കഥകള്‍ അക്കമിട്ട് നിരത്തി സദസ്സിനെ കീഴടക്കി. നീണ്ട കരഘോഷങ്ങള്‍ക്കൊടുവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനുളള പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജ്വസ്വലരാകാന്‍ ആഹ്വാനം. മണര്‍കാട് നടന്ന സമ്മേളനത്തില്‍ കെ എം രാധാകൃഷ്ണന്‍ അധ്യക്ഷനായി.ടി ആര്‍ രഘുനാഥന്‍ സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി കെ ജെ തോമസ്, ജില്ലാക്കമ്മിറ്റിയംഗങ്ങളായ അഡ്വ. റെജി സക്കറിയ, കെ സി ജോസഫ്, പുതുപ്പളളി നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രൊഫ. സുജ സൂസന്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. കോട്ടയം തിരുനക്കര മൈതാനത്ത് തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിന് ആവേശമായി യെച്ചൂരി എത്തി. സ്ത്രീകളും യുവാക്കളും തൊഴിലാളികളുമടക്കം ആയിരങ്ങളെ ആവേശത്തിലാക്കി വിശദമായ പ്രസംഗം. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് പ്രായം കൂടിയെന്നു പറഞ്ഞ രാഹുല്‍ഗാന്ധിക്ക് മറുപടി നല്‍കിയപ്പോള്‍ ആള്‍ക്കൂട്ടം കരഘോഷം മുഴക്കി. യോഗത്തില്‍ അഡ്വ. വി ബി ബിനു അധ്യക്ഷനായി. പി ജെ വര്‍ഗീസ് സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി കെ ജെ തോമസ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി എന്‍ വാസവന്‍, ജില്ലാകമ്മിറ്റിയംഗം പ്രൊഫ. എം ടി ജോസഫ്, ജിമ്മി ജോര്‍ജ്ജ്, പി കെ ആനന്ദക്കുട്ടന്‍, പ്രൊഫ. ഇ പി മാത്യു, രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. രണ്ട് മണിക്കൂറിലധികം താമസിച്ചിട്ടും തങ്ങളുടെ പ്രിയ നേതാവിനെ കാണാന്‍ നൂറുകണക്കിന് ആളുകള്‍ കുമരകത്ത് എത്തി. ഇരുള്‍ വീണിട്ടും ആവേശം ഒട്ടും ചോരാതെ സ്ത്രീകളും കുട്ടികളുമടക്കം കാത്തുനിന്നു. ഒടുവില്‍ മുദ്രാവാക്യങ്ങളുടെ പ്രകമ്പനത്തിനിടയില്‍ സദസ്സിലേക്ക്. ഏറ്റുമാനൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ സുരേഷ് കുറുപ്പ് തന്റെ സുഹൃത്തും സഖാവുമാണെന്ന് പറഞ്ഞ് വേദിയെ കൈയ്യിലെടുത്തു. തുടര്‍ന്ന് യുഡിഎഫിനെ വിമര്‍ശിച്ചും എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങളെ വിലയിരുത്തിയും പ്രസംഗം നീണ്ടു. സിപിഐ എം ജില്ലാകമ്മിറ്റിയംഗം അഡ്വ. കെ അനില്‍കുമാര്‍ പരിഭാഷകനായി. കുമരകത്ത് നടന്ന യോഗത്തില്‍ ഇ കെ ശശി അധ്യക്ഷനായി. കെ എം ശാമുവല്‍, ഷാജി കോണത്താറ്റ്, പി ജി ദേവദാസ്, ധന്യ സാബു, വി എസ് സുഗേഷ് എന്നിവര്‍ സംസാരിച്ചു. കെ എന്‍ രവി സ്വാഗതവും വി ജി ശിവദാസ് നന്ദിയും പറഞ്ഞു.