Posted on: 15-Apr-2011 01:20 AM
കോട്ടയം: തെരഞ്ഞെടുപ്പ് ചൂട് ആറിയെങ്കിലും ബൂത്തുതല വോട്ടുകളുടെ കൂട്ടലും കിഴിക്കലുമായി തിരക്ക് "ആറാതെയാണ്"" സ്ഥാനാര്‍ഥികളെങ്കിലും വിഷുക്കണിയൊരുക്കുന്നതിന്റെ തിരക്കിലാണ് ഇവരുടെ കുടുംബാംഗങ്ങള്‍. എന്നാല്‍ ജനസമ്മതിയുടെ ചൂട് അല്‍പ്പനേരത്തേക്കെങ്കിലും മാറ്റിവച്ച് വിഷു ആഘോഷിക്കാന്‍ ഒരുങ്ങുന്ന കുടുംബാംഗങ്ങളുടെ കൂടെ ചേരാന്‍ ഒടുവില്‍ സ്ഥാനാര്‍ഥികളും സമയം കണ്ടെത്തി. അഞ്ചുവര്‍ഷമായി വിഷു ആഘോഷിക്കാത്തതിന്റെ വിഷമമെല്ലാം മറന്ന് ഇത്തവണ അച്ഛനൊപ്പം സദ്യ ഉണ്ണാമെന്നുള്ള സന്തോഷത്തിലാണ് വി എന്‍ വാസവന്‍ എംഎല്‍എയുടെ മക്കളായ ഗ്രീഷ്മയും ഹിമയും. വിഷുക്കണിയൊരുക്കുന്നതെല്ലാം മക്കളുടെ ഡിപ്പാര്‍ട്ടുമെന്റില്‍ പെട്ടതാണെന്ന് പറഞ്ഞ് വി എന്‍ വാസവന്‍ എംഎല്‍എ ഗൃഹനാഥനാകുന്നു. പൊതുപ്രവര്‍ത്തനം ആരംഭിച്ചതില്‍ പിന്നെ കാര്യമായ വിഷു ആഘോഷമില്ലെന്ന് വാസവന്‍ പറയുന്നു. അപകടങ്ങളോ പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ നാട്ടുകാര്‍ ആദ്യംവിളിക്കുക വാസവേട്ടനെയാണ്. പോകാതിരിക്കാന്‍ പറ്റുമോയെന്ന് പരിഭവങ്ങളില്ലാതെ ഭാര്യ ഗീതയും പറയുന്നു. ജനപ്രതിനിധിയുടെ മഹത്വമറിയുന്ന സഹധര്‍മിണിയാണ് പിന്തുണയെന്ന് വി എന്‍ വാസവന്‍ തലകുലുക്കി സമ്മതിക്കുന്നു. വിഷു തലേന്നായ വ്യാഴാഴ്ച സിനിമയ്ക്കുകൊണ്ടുപോകണമെന്ന ആവശ്യമാണ് ഹിമയ്ക്കുള്ളത്. നോക്കാമെന്ന് മാത്രമെ അച്ഛന് പറയാന്‍ സാധിക്കുന്നുള്ളൂ. അച്ഛനോടൊപ്പമെ ഞങ്ങളെല്ലാവരും സിനിമയ്ക്കു പോകാറുള്ളൂ. എന്‍ജിനിയറിങ്ങ് വിദ്യാര്‍ഥിയായ ഇളയമകള്‍ ഗ്രീഷ്മയ്ക്ക് ഇത്തവണ അച്ഛന്റെ കൈയില്‍നിന്ന് വിഷു കൈനീട്ടം വാങ്ങണമെന്ന് നിര്‍ബന്ധം. മറ്റക്കരയിലെ തറവാട്ടില്‍ കുട്ടികാലത്ത് അമ്മയോടൊത്തുള്ള വിഷുവാണ് വി എന്‍ വാസവന്‍ എംഎല്‍എയുടെ ഓര്‍മകളില്‍ ഏറ്റവും മാധുര്യമുള്ളത്. ഏറ്റുമാനൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ സുരേഷ്ക്കുറുപ്പിന് വിഷുവിന് കാര്യമായ ആഘോഷമില്ല. പതിവുപോലെ ചെറിയസദ്യയുണ്ടാകും. വിഷു ദിനം ഭാര്യ സാവിത്രിയും മക്കളായ അഡ്വ. നന്ദഗോപാല്‍, പത്താംക്ലാസ് വിദ്യാര്‍ഥി ഗോപീകൃഷ്ണനുമൊപ്പം ചിലവഴിക്കാനാണ് ഉദ്ദേശിക്കുന്നത്. വൈകിട്ട് സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും പാര്‍ടിപ്രവര്‍ത്തകര്‍ക്കുമൊപ്പം അല്‍പ്പം നാട്ടുവര്‍ത്തമാനങ്ങളുമായി സമയം ചെലവിടും. ഏറ്റുമാനൂര്‍ ആര്‍പ്പൂക്കരയിലുള്ള വീട്ടില്‍ വിഷു ആഘോഷിക്കാനാണ് ചങ്ങനാശേരി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ബി ഇക്ബാലിന്റെ തീരുമാനം. ഇത്തവണ മകള്‍ അപര്‍ണയും കൊച്ചുമകള്‍ രണ്ടുവയസ്സുകാരി അമിഖയും ആഘോഷത്തിനുണ്ട്്. ക്രിസ്തുമസിന് ബൈബിള്‍ വായിച്ചും ഉപവസിച്ചും ചിലവഴിക്കുന്ന ഡോക്ടറിന് വിഷുവിനുമുണ്ട് വേറിട്ട ശൈലി. തെരഞ്ഞെടുപ്പ് തിരക്കിനിടയില്‍ വായിക്കാതെ പോയ പുസ്തകം വായിച്ചു തീര്‍ക്കണം. അമിഖയെ കളിപ്പിക്കണം. ഓര്‍ഗണ്‍ വായിക്കണം. വിഷു ആഘോഷിക്കാതിരിക്കാന്‍ പറ്റില്ലെന്ന് മെഡിക്കല്‍കോളജ് പ്രിന്‍സിപ്പലും സഹധര്‍മിണിയുമായ ഡോ. എ മെഹറുന്നീസ പറയുന്നു. വിദ്യാര്‍ഥികളും അധ്യാപകരും സുഹൃത്തുക്കളുമൊക്കെയെത്തും. പിന്നെ ആഘോഷം പൊടിപൂരം. പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രൊഫ. സുജ സൂസന്‍ ജോര്‍ജ് ബന്ധുമിത്രാദികള്‍ക്കൊപ്പമാണ് വിഷു ദിനം ചെലവഴിക്കുക. ഭര്‍ത്താവ് ഹീരന്‍ സുധീന്ദ്രന്റെ വീട്ടിലേക്ക് പോകും. ഒപ്പം മകന്‍ ദീപുവും മരുമകള്‍ മീരഹുസൈനുമുണ്ടാവും. സെക്കുലര്‍ കുടുംബമായതിനാല്‍ കാര്യമായ ആഘോഷങ്ങള്‍ ഒന്നും തന്നെയില്ല. മകന്‍ ദീപു ചെറുപ്പമായിരുന്ന കാലത്ത് വിഷുക്കണി ഒരുക്കിയിരുന്നു. ഉച്ചതിരിഞ്ഞ് തുമ്പമണ്ണിലെ സ്വന്തം വീട്ടിലേക്കും പോകും. കാഞ്ഞിരപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സുരേഷ് ടി നായരും കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് വിഷു സദ്യയുണ്ണുക. അച്ഛന്‍ തങ്കപ്പന്‍നായരും അമ്മ സരസമ്മയും ഇത്തവണ പതിവില്ലാത്ത സന്തോഷത്തിലാണ്. തെരഞ്ഞെടുപ്പ് തിരക്കൊഴിഞ്ഞതിനാല്‍ ഭാര്യ അര്‍ച്ചന സുരേഷിനും പാര്‍ടിക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും വിഷുസദ്യ ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ഒന്നരവയസ്സുകാരന്‍ അലോക്നാഥിന് കണികാണണമെന്ന് വാശിപിടിച്ചതിനാല്‍ ഇത്തവണ വിഷുകണിയൊരുക്കുന്നുമുണ്ട്. വിഷുവും പതിവുപോലെയെന്ന് സുരേഷ് പറയുമ്പോഴും സുഹൃത്തുക്കളും ബന്ധുക്കളും ആഘോഷിക്കാനുള്ള പുറപ്പാടിലാണ്. പാലാ നിയോജകമണ്ഡലം ഇടതുപക്ഷ സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ വിഷു ദിനത്തിലാദ്യം ചെയ്യുക തെരഞ്ഞെടുപ്പ് അവലോകനം തന്നെ. അതിനായി അദ്ദേഹം രാവിലെ സിപിഐ എം ഏരിയ കമ്മറ്റി ഓഫീസിലെത്തും. ഉച്ചയോടെ വീട്ടിലേക്ക് തിരിക്കും. തുടര്‍ന്ന് വിഷു ആലോഷങ്ങളുമായി കുടുംബത്തോടൊപ്പം വീട്ടിലുണ്ടാകും.
ഊണും ഉറക്കവും ഉപേക്ഷിച്ചുള്ള തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ശേഷം എത്തിയ വിഷു ആഘോഷവും സിറ്റിങ് എംഎല്‍എ കൂടിയായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ അജിത്തിന് പതിവ് പോലെ തന്നെ. രാവിലെ സിപിഐ മണ്ഡലം കമ്മറ്റി ഓഫീസില്‍ എത്തി നേതാക്കളും പ്രവര്‍ത്തകരുമായി തെരെഞ്ഞെടുപ്പ് അവലോകന ചര്‍ച്ച. ഉച്ചയോടെ വീട്ടിലെത്തി ഭാര്യ സിന്ധുവും മകള്‍ ഉണ്ണിണമായയോടൊപ്പം ഉച്ചയൂണും അല്‍പം വിശ്രമവും. പിന്നീട് കുടുംബ വീട്ടില്‍ എത്തി ബന്ധുക്കളെ കാണും. അതിന് ശേഷം സുഹൃത്തുകളും സഹപ്രവര്‍ത്തകരേയും കാണാനും പരിപാടിയുണ്ട്.
http://deshabhimani.co.in/newscontent.php?id=3528